ഗീത എന്ന ഒരു വാക്ക്‌ അറിയാത്ത കണ്ണൂർക്കാർ ഉണ്ടാവില്ല..!! മറ്റൊരു തരത്തിൽ പറഞ്ഞാൽ വടക്കൻ കേരളത്തിൽ ബസ്‌ വ്യവസായത്തിന്റെ വേരുകൾ ഉറപ്പിക്കാൻ മുൻപേ നടന്ന ഒരു ഓപ്പറേറ്റർ...!! - Bus World

Breaking

Thursday 12 September 2019

ഗീത എന്ന ഒരു വാക്ക്‌ അറിയാത്ത കണ്ണൂർക്കാർ ഉണ്ടാവില്ല..!! മറ്റൊരു തരത്തിൽ പറഞ്ഞാൽ വടക്കൻ കേരളത്തിൽ ബസ്‌ വ്യവസായത്തിന്റെ വേരുകൾ ഉറപ്പിക്കാൻ മുൻപേ നടന്ന ഒരു ഓപ്പറേറ്റർ...!!



80കളിൽ കണ്ണൂർക്കാരുടെ ഗതാഗതത്തിന്റെ ജീവനാഢിയായി പ്രവർത്തിച്ചു തുടങ്ങിയ ഈ പ്രസ്ഥാനം ഇന്നു അസ്തമയത്തിന്റെ വക്കിലാണു...പ്രൗഢിയും തലയെടുപ്പും ഒരു പോലെ ഇണചേർന്ന ഇവരുടെ കുമ്മിൻസ്‌ എഞ്ചിനുകൾ കണ്ണൂരിന്റെയും കോഴിക്കോടിന്റേയും അതിർത്തികൾ കടന്നു അങ്ങു വടക്കും നാഥന്റെ മണ്ണിലേക്കും വെണ്ണക്കള്ളന്റെ തൃപ്പാദത്തിലേക്കും ഓടി തുടങ്ങുമ്പോൾ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത വേങ്ങാട്‌ എന്ന കൊച്ചു ഗ്രാമവും രാജേട്ടൻ എന്ന വ്യക്തിയും പ്രശസ്തരാവുകയായിരുന്നു....

ഒലീവ്‌ പച്ച പുതച്ച ടാറ്റ വണ്ടികൾ പിന്നെ ചില്ലുജാലക വണ്ടികൾക്കു വഴിമാറി...ഒരു പക്ഷേ അന്നത്തെ ബസ്‌ ഓണർമാർ ചിന്തിക്കാൻ പോലും മടിച്ചു നിന്നിരുന്ന കാലം...2003 ൽ ഗംഗ എന്ന ചില്ലുവണ്ടി എല്ലാ സങ്കൽപ്പങ്ങളേയും കാറ്റിൽപ്പറത്തി തൃശ്ശൂരിലേക്ക്‌ കുതിച്ചു പാഞ്ഞപ്പോൾ ബസ്‌ ആരാധകരുടെ ഫാഷൻ സങ്കൽപ്പങ്ങളും മാറുകയായിരുന്നു....കരൂർ ബോഡിയുടെ വരവോടു കൂടി ഗീതയും മാറ്റങ്ങൾ വരുത്തിയെങ്കിലും കണ്ണൂർ ബോഡിയോടു കിട പിടിക്കുന്ന കരൂർ ബോഡി എന്നത്‌ ഒരു സങ്കൽപം മാത്രമായി മാറുകയായിരുന്നു...എണ്ണം പറഞ്ഞ പെർമിറ്റുകൾ കൊണ്ട്‌ രാവിലെ കണ്ണൂർ നിന്നു തൃശ്ശൂർ ഗുരുവായൂർ ഭാഗത്തേക്കും ഉച്ച കഴിഞ്ഞു തിരിച്ചു കണ്ണൂരിലേക്കും ഗീത ബസ്സുകളുടെ ഒരു ഘോഷയാത്ര തന്നെ ആയിരുന്നു എന്നു പറയുന്നതിൽ തെറ്റില്ല....മട്ടന്നൂർ,കാസർഗോഡ്‌,ബന്തടുക്ക,പറശ്ശിനി,വേങ്ങാട്‌ എന്നിങ്ങനെ വിവിധ ഗ്രാമങ്ങളിൽ നിന്നു എൽ എസ്‌ ആയും എഫ്‌ പി ആയും പെർമിറ്റുകൾ നേടിയെടുത്ത ഗീതയുടെ സുവർണകാലം രാജേട്ടന്റെ നിര്യാണത്തോടെ ഏറെക്കുറെ അവസാനിച്ച മട്ടാണു...ഒരു കാലത്ത്‌ കണ്ണൂരിൽ ജനിച്ചു വീഴുന്ന ഏതൊരു കുട്ടിയുടേയും നാവിൻ തുമ്പത്ത്‌ തത്തിക്കളിച്ച ചാണക്യൻ,കാളിന്ദി,ഗോപിക,നീലാംബരി,കാദംബരി,ചക്രവർത്തി,നീലകണ്ഠൻ,സരോവരം,ഹർഷിത,ശക്തി,നർമദ,കാളിദാസൻ,ഘടോൽകചൻ,കബനി,നെപോളിയൻ,കർണൻ,ഗംഗോത്രി,കിടിലൻ,കാർവറണൻ,ബ്രഹ്മത്‌Iർഥം, കണ്ണകി,ഇന്ദ്രജിത്ത്‌,കാഞ്ചൻ ഗംഗ, എന്നീ പേരുകൾ അവയുടെ വൈവിധ്യം കൊണ്ടു തന്നെ ജനമനസ്സുകളിൽ സ്ഥാനം പിടിച്ചു പറ്റി...ഗീതയുടെ വണ്ടികൾ തിരിച്ചറിയാൻ ഈ പേരുകൾ തന്നെ ധാരാളം ആയിരുന്നു...പേരുകൾ പോലെ തന്നെ അവരുടെ ഓരോ വണ്ടികളും ആ പേരുകളോടു നീതി പുലർത്തുന്നവയായിരുന്നു...കാലം പിന്നിട്ടപ്പോൾ അനിവാര്യമായ ഒരു മാറ്റം ഗീത എന്ന കമ്പനിയേയും ബാധിച്ചു...പ്രദീപേട്ടൻ കൊണ്ടു നടന്ന ഓരോ പെർമിറ്റുകളും ക്രമേണ പുതിയ ഓപറേറ്റർമാർക്കു വഴി മാറിയപ്പോൾ ഗീത എന്ന പടർന്നു പന്തലിച്ച കണ്ണൂരിന്റെ വടവൃക്ഷം ചെരിഞ്ഞു വീഴുകയായിരുന്നു....എന്നിരുന്നാലും  ഒരുപാട്‌ ബസ്‌ പ്രേമികൾ ഇന്നും ഗീതയുടെ തിരിച്ചു വരവും കാത്ത്‌ വഴിവക്കുകളിൽ കാതോർത്തിരിക്കും....തിരമാലകൾ പോലെ ഇരമ്പി വരുന്ന ഗീതയുടെ വണ്ടികളുടെ ഇടമുറിയാത്ത ആ പഴയ ഘോഷയാത്രയ്ക്കായി....  ഇനിയൊരു തിരിച്ചു വരവ്‌ കഠിനം ആണെന്നു അറിയാമെങ്കിലും വിജനമായ റോഡിലേക്കു നോക്കുമ്പോൾ വെറുതേ ഒരു പ്രതീക്ഷ....!!!





കടപ്പാട് :Geetha Bus Fan (Fb Page), PNP, Rahul Prasad(Bus Kerala),