2018 മുതൽ വിടാതെ പിന്തുടരുന്ന കഷ്ടപ്പാടുകളും താങ്ങിയാണ് ടൂറിസ്റ്റ് വാഹന ഉടമകളും തൊഴിലാളികളും മുമ്പോട്ട് പോകുന്നത്.
2018 ഒരുപാട് ടൂറിസ്റ്റ് വാഹന ഉടമകളെ കൊന്ന് കൊലവിളിച്ച വർഷം എന്ന് തന്നെ പറയേണ്ടി വരും. കടം കേറി മുടിഞ്ഞവരും, ഇനി മുന്നോട്ട് പോയാൽ പിടിച്ചു നിൽക്കാൻ ആവില്ല എന്ന് മനസിലാക്കിയവരും ടൂറിസ്റ്റ് വാഹന വ്യവസായത്തിൽ നിന്നും പടി ഇറങ്ങിയ വർഷം കൂടി ആയിരുന്നു 2018.
പ്രളയം, നിപ, ശബരി മല വിഷയം എന്നിവ ടൂറിസ്റ്റ് വാഹന ഉടമകളെ ചില്ലറയൊന്നുമല്ല കഷ്ട്ടപെടുത്തിയത്. ഈ പ്രതിസന്ധി ഘട്ടത്തിൽ പലരും ഈ വ്യവസായത്തിൽ നിന്നും പടി ഇറങ്ങി. വേറെ ചിലർ ആകട്ടെ തങ്ങളുടെ വാഹനങ്ങളിൽ ചിലത് വിറ്റ് തല്ക്കാലം പിടിച്ചു നിന്നു. മറ്റു ചിലർ ലോൺ കാലിയായ വാഹനത്തിന് വീണ്ടും ലോൺ ഇട്ട് പിടിച്ചു നിന്നു.
2019 ആയപ്പോൾ എല്ലാ ഉടമകളും കണക്കാക്കിയത് കഴിഞ്ഞ വർഷം ഉണ്ടായ ബാധ്യതകൾ ഈ വർഷം തീർക്കണം എന്നായിരുന്നു പക്ഷെ വീണ്ടും പ്രളയം വന്നതോടുകൂടി ബാധ്യതകൾ കൂടിയതല്ലാതെ കുറഞ്ഞില്ല. ലൈറ്റ് സൗണ്ട് എന്നിവയ്ക്ക് നിയന്ത്രണം ഏർപെടുത്തിയപ്പോൾ ചില ഉടമകൾ എങ്കിലും വിചാരിച്ചു വലിയ മുതൽ മുടക്കാതെ ട്രിപ്പുകൾ ഓടാം എന്ന്. എന്നാൽ ലൈറ്റ് സൗണ്ട് എന്നിവയ്ക്കു നിയന്ത്രണം വന്നപ്പോൾ കോളേജ് ടൂറുകൾ ഓടണമെങ്കിൽ പുതിയ ബസുകൾ വേണം എന്ന് സ്ഥിതി ആയി. ലൈറ്റ് സൗണ്ട് എന്നിവയ്ക്കുണ്ടായ നിയന്ത്രണം ഒരു തരത്തിൽ പറഞ്ഞാൽ പുതിയ ബസുകൾ കൂടുതൽ ഇറങ്ങാൻ കാരണമായി.
2019 ൽ സ്കൂൾ /കോളേജ് ടൂറുകൾ ഓടാൻ കഴിഞ്ഞതിനാൽ അല്പം ആശ്വാസം ആയിരുന്നു. അതും പുതിയ ബസ് എടുത്തവരാണ് കൂടുതൽ ഓടിയത് എന്ന് ഓർക്കണം. കുറച്ച് മോഡൽ കുറഞ്ഞ ബസ് ഉള്ളവർ ബസിന്റെ ഫ്രണ്ട് ബാക്ക് എന്നിവ പൊളിച്ചു കെട്ടിയും പിടിച്ചു നിന്നു. കോളേജ്/സ്കൂൾ ടൂറിന്റെ അവസാനത്തോടെ കോറോണ യും എത്തി ടൂർ പരിപാടികൾ പലതും നിർത്തി വച്ചു. വീണ്ടും എട്ടിന്റെ പണി കിട്ടിയ ഉടമകൾ ചിന്തിച്ചു, ഇനി വരാൻ പോകുന്നത് നോമ്പ് കാലമാണ് തീർത്ഥടന യാത്രകൾ നടത്തി ഒന്ന് പിടിച്ചു നിൽക്കാം എന്ന്.പക്ഷെ കൊറോണ യുടെ രണ്ടാം വരവോടുകൂടി തീർത്ഥാടന യാത്രകളും ഉപേക്ഷിക്കേണ്ടി വന്നു.
ടാക്സും ലോണും അടക്കാൻ വേണ്ടി വേറെ ലോൺ എടുക്കേണ്ട അവസ്ഥയിലാണ് ടൂറിസ്റ്റ് വാഹന ഉടമകൾ.