മലപ്പുറത്തു നിന്നൊരു ഹൈടെക് ബസ് - Bus World

Breaking

Saturday 14 March 2020

മലപ്പുറത്തു നിന്നൊരു ഹൈടെക് ബസ്



സൗകര്യങ്ങളുടെ പെരുമഴയാണ് ലാവർണ ബസിൽ. ഫ്രീ വൈ ഫൈ, കുടിവെള്ളം, ഓരോ സീറ്റിലും ഫാൻ, യാത്രക്കാരുടെ സുരക്ഷയ്ക്കായി 8 ക്യാമറകൾ. ബസ് എന്ന സങ്കൽപത്തെ മാറ്റി മറിക്കുന്ന ലാവർണ തിരൂർ–മഞ്ചേരി റൂട്ടിൽ പുതിയ ബസ് ഇറക്കുകയാണ്. ട്രാഫിക് ബോധവൽക്കരണ സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്താണ് അടുത്തയാഴ്ച പുതിയ സർവീസ് തുടങ്ങുന്നത്. ട്രാൻസ്പോർട്ട് കമ്മിഷണർ ആർ.ശ്രീലേഖയുടെ സന്ദേശത്തോടു കൂടിയതാണ് തിരൂർ എസ്ആർടിഒയുമായി സഹകരിച്ചു പുറത്തിറക്കുന്ന ലഘുലേഖ. 15000 കോപ്പികൾ സർവീസിനിടെയും ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിലും വിതരണം ചെയ്യും. ഉദ്ഘാടന ദിവസം സമ്പൂർണ സൗജന്യ യാത്രയാണ്. ഈ ലഘുലേഖയും ഒരു ചോക്കലേറ്റും യാത്രക്കാർക്ക് അങ്ങോട്ടു നൽകും. നിലവിൽ ഒരു ലാവർണ ബസ് സർവീസ് നടത്തുന്നുണ്ട്.
വിദ്യാർഥികളുടെ ബസ്
വിദ്യാർഥി സൗഹൃദ ബസ് എന്ന സ്റ്റിക്കർ പതിച്ചാണ് ലാവർണയുടെ സഞ്ചാരം. ഒന്നു മുതൽ ഏഴാം ക്ലാസുവരെയുള്ള വിദ്യാർഥികൾക്ക് യാത്ര സൗജന്യമാണ്. വിദ്യാർഥികളടക്കമുള്ള യാത്രക്കാരുടെ സൗകര്യാർഥം ബസിൽ 8 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രൈവറുടെ സമീപത്തുള്ള സ്ക്രീനിൽ 2 ഡോറിനടുത്തുള്ള ദൃശ്യങ്ങളും പുറത്തെ ദൃശ്യങ്ങളും കാണാം. വാതിലടയ്ക്കാതെ ആളിറങ്ങാതെയും അപകടം സംഭവിക്കുന്നത് ഇങ്ങനെ ഒഴിവാക്കാം. ബസിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അറിയിക്കാൻ വാട്സാപ് നമ്പറും ഉണ്ട്.
എൽഇഡി സ്ക്രീൻ
32 ഇഞ്ചിന്റെ എൽഇഡി സ്ക്രീൻ ലാവർണയിലെ പ്രധാന ആകർഷമാണ്. ഓരോ സ്റ്റോപ് എത്തും മുൻപേ സ്ക്രീനിൽനിന്ന് വിളിച്ചു പറയുകയും എഴുതിക്കാണിക്കുകയും ചെയ്യും. ജിപിഎസ് സംവിധാനമുള്ളതിനാൽ ബസ് പോകുന്ന റൂട്ടും ഇടയ്ക്കിടെ സ്ക്രീനിൽ തെളിയും. അന്തരീക്ഷ താപനിലയും കാണിക്കുന്നുണ്ട്. സൗജന്യ വൈഫൈ സേവനം ടിക്കറ്റിനൊപ്പം കിട്ടുന്ന പാസ്‌വേഡ് വഴി ഉപയോഗിക്കാം. ചൂടുവെള്ളമോ, തണുത്ത വെള്ളമോ വേണമെങ്കിൽ അതിന് വാട്ടർ പ്യൂരിഫയറും ബസിലുണ്ട്. ചൂടെടുക്കാതിരിക്കാൻ ഓരോ സീറ്റിലും ചെറിയ ഫാനിൽനിന്നു കുളിർകാറ്റുവരും. കൃത്യമായ ഇടവേളകളിൽ ഗതാഗത സന്ദേശം പ്രചരിപ്പിക്കാൻ സംവിധായകൻ സിദ്ദീഖും സ്ക്രീനിലെത്തും. ചില്ലറയില്ലാത്തവർക്കു ടിക്കറ്റെടുക്കാൻ പിഒഎസ് സംവിധാനവും ലാവർണയിലുണ്ട്.
സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഓഫർ ചെയ്തുകൊണ്ടുള്ള സ്റ്റിക്കർ ബസ്സിന്റെ ബോഡിയിൽ പതിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ബസ്സിനകത്തും പതിച്ചിരിക്കുന്നു.
ഇത് സേവനം
വേറെയും ബിസിനസുകളുള്ള ലാവർണ ഉടമ കോട്ടയ്ക്കൽ സ്വദേശി പരുത്തിക്കുന്നൻ മുഹമ്മദ് ഷാഫി ബസ് ഓടിക്കുന്നത് ബിസിനസിനല്ല, സേവനമായാണ്. 38 ലക്ഷം രൂപ മുടക്കി പുതിയ ബസ് ഇറക്കുന്നതും ഇതിൽനിന്നു ലാഭം കൊയ്യാനല്ല.










കടപ്പാട് :: ബസ് കേരള, ഓൺലൈൻ മീഡിയകൾ.