കൊറോണകാലത്ത് വീണ്ടും ജനവിരുദ്ധമാകുന്ന സ്വകാര്യ ബസ് കളർകോഡ്. - Bus World

Breaking

Sunday 31 May 2020

കൊറോണകാലത്ത് വീണ്ടും ജനവിരുദ്ധമാകുന്ന സ്വകാര്യ ബസ് കളർകോഡ്.

എഴുതിയത് :ഡോൺ സണ്ണി, ബസ് കേരള

കൊറോണ ദുരിതം വിതച്ചു കൊണ്ടിരിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങൾ പോലും നിശ്ചലമായ അവസ്ഥയിൽ നിന്ന് ചെറിയ മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടേ ഉളളൂ. എന്ത് കൊണ്ടാണ് കൊറോണകാലത്തു പൊതുഗതാഗതസംവിധാനങ്ങൾ, പ്രത്യേകിച്ച് ബസ് സർവീസ്കൾ നിർത്തി വച്ചത് എന്നു ചിന്തിച്ചിട്ടുണ്ടോ? പല നാടുകളിൽ നിന്ന് ഒന്നിച്ചു കൂടുന്ന ഒരുകൂട്ടം ആളുകൾ ആണ് ബസ് യാത്രക്കാർ എന്നതാണ് കാരണം. അതിൽ ഒരു രോഗി ഉണ്ടായാൽ മതി, ബാക്കി യാത്രക്കാർക്കും ഒരു പക്ഷെ രോഗം പകരാൻ.! അവരിൽ നിന്ന് അഞ്ഞൂറും പിന്നെ ആയിരവും പേരിലേക്ക്..! ബസുകൾക്കെല്ലാം ഏകീകൃത നിറമുള്ള (കളർ കോഡ്) ഈ കാലത്ത് പകർച്ച വ്യാധിയുള്ള ഒരാൾ സഞ്ചരിച്ച ബസ് മൂന്നോ നാലോ ദിവസം കഴിഞ്ഞു തിരിച്ചറിഞ്ഞു, അതിൽ കേറിയ യാത്രക്കാർ മുഴുവൻ വൈദ്യസഹായം തേടുക ബുദ്ധിമുട്ടുള്ള കാര്യവും. അല്ലെങ്കിൽ ടിക്കറ്റ് ഒക്കെ എടുത്തു ദിവസങ്ങൾ സൂക്ഷിച്ചു വക്കണം.?  എത്രത്തോളം പ്രയോഗികമാണത്? എല്ലാ ബസുകളിലും കൊടുക്കുന്ന ടിക്കറ്റ്കൾ, അതാത് വാഹനങ്ങളുടെ തന്നെയാണോ? പലയിടത്തും ടിക്കറ്റ് തന്നെ കൊടുക്കുന്നുണ്ടോ? പിന്നെ എങ്ങനെ യാത്രക്കാരന് ബസ് തിരിച്ചറിയാൻ കഴിയും?? ചിന്തിക്കുക.!

 എന്നാൽ, ബസുകൾ പഴയതുപോലെ വ്യത്യസ്ത നിറങ്ങളിൽ ആയിരുന്നു എങ്കിൽ,  പേരോ നമ്പറോ ഒന്നുമില്ലാതെ ഏകദേശ സമയവും ആ  വാഹനത്തിന്റെ ഒരു ചിത്രവും വച്ചു എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റുമായിരുന്നു. ഏതാനും പേർക്ക് മാത്രമേ ബുദ്ധിമുട്ടുണ്ടാകുമായിരുന്നുള്ളു.  ഇതൊക്കെ മുൻപിൽ കണ്ടാണോ എന്നറിയില്ല, എന്തായാലും ഈ ദിവസങ്ങളിൽ ഒരു പുതിയ സ്വകാര്യ ബസ് കളർ കോഡ് രീതിയെ നിയമം വഴി മറികടന്ന്, തങ്ങളുടെ പരമ്പരാഗത നിറക്കൂട്ടും ആയി രംഗത്ത് വന്നു..! റോബിൻ എന്നാണ് പേര്. സാമൂഹ്യ മാധ്യമങ്ങളിൽ ഈ ബസിന്റെ ചിത്രങ്ങൾ തരംഗം ആയി മാറുകയും ചെയ്തു.


കുറച്ചു മാസങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ കൊറോണ ഭീഷണി കേരളത്തിൽ ആരംഭിക്കുകയും എന്നാൽ നാട് ലോക്ക് ഡൗണിലേക്ക് മാറുകയും ചെയ്യുന്നതിന് മുൻപ്, കണ്ണൂരിൽ ഒരു വാർത്ത കാട്ടുതീ പോലെ പടർന്നു. കുറച്ചു ദിവസങ്ങൾക് മുൻപ് വിദേശത്തുനിന്നുവന്ന ഒരാൾക്ക് കൊറോണ സ്ഥിതീകരിച്ചു. എന്നാൽ ഈ വ്യക്തി തന്റെ രോഗകാര്യം അറിയാതെ നാട്ടിൽ എത്തിയ ഉടൻ തലശ്ശേരി - കൂട്ടുപുഴ റൂട്ടിൽ ഓടുന്ന ഒരു സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്നു.
ഇതേ തുടർന്ന് നാട് മുഴുവൻ ജാഗ്രത നിർദേശം നൽകി. കൊറോണരോഗി യാത്രചെയ്ത ബസ് കണ്ടുപിടിക്കാൻ, ബസിന്റെ പേരും ചിത്രവും സഞ്ചരിച്ച സമയവും ഒക്കെ വച്ചു എല്ലായിടത്തും പ്രചരണം. ബസ് കേരള അടക്കമുള്ള സാമൂഹ്യമാധ്യമ കൂട്ടായ്മകൾ മുതൽ പ്രാദേശിക വാർത്ത ചാനലുകൾ വരെ വാർത്ത പ്രചരിപ്പിച്ചു.

എന്നാൽ, ആ ബസിലന്ന് യാത്രചെയ്ത ആളുകളെ മുഴുവൻ എങ്ങനെ  കണ്ടെത്തും?  ലൈൻ ബസ് ആണ്., ടിക്കറ്റ് റിസർവേഷൻ ഒന്നുമില്ല എല്ലാരേയും തിരഞ്ഞു പിടിച്ചു കണ്ടെത്താൻ. അന്ന് ബസിൽ സഞ്ചരിച്ചവർ മനസ് വച്ചാൽ മാത്രമേ കാര്യങ്ങൾ സുഗമമാകൂ. പക്ഷെ അന്ന്  ആ  ബസിൽ യാത്ര ചെയ്തവർക്ക്, തങ്ങൾ യാത്ര ചെയ്ത ബസിലാണ് ഈ രോഗവാഹകൻ ഉണ്ടായിരുന്നത് എന്ന് അറിയുകയും വേണ്ടേ? എങ്കിൽലല്ലേ അവർ വൈദ്യസഹായം തേടൂ? ആ തിരിച്ചറിവിനുള്ള മാർഗം ആണ് കളർകോഡ് എന്ന പ്രാകൃതനയം കൊണ്ട് ഇല്ലാതാക്കിയത്.

കൊറോണകാലത്ത് കണ്ണൂർ മാത്രമല്ല ഈ ബുദ്ധിമുട്ട് ഉണ്ടായത്. കേരളത്തിന്റെ പലഭാഗത്തും ഈ രീതിയിൽ സാമൂഹ്യ വ്യാപനം നടന്നിട്ടില്ല എന്ന് എന്താണ് ഉറപ്പ്? പിന്നീട് രോഗം സ്ഥിതീകരിച്ചവരിൽ എത്രപേർ രോഗവുമായി പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്തു കാണും?  സഹയാത്രികൻ ഏതൊക്കെ നാട്ടിൽ നിന്നുള്ളവർ ആയിരിക്കും?

കൊറോണ ഒതുങ്ങിയിട്ടില്ല, ലോകം കോറോണക്കൊപ്പം നീങ്ങുന്നത്കൊണ്ട്, ഈ രോഗമിനിയും സമൂഹത്തിൽ ഉണ്ടാകും. അന്ന് വീണ്ടും ഇങ്ങനെ ഒരു അവസ്ഥ വന്നാൽ.?  കൊറോണക്ക്‌ പകരം മറ്റൊരു പകർച്ചവ്യാധി ആയിക്കൂടെ?  അതിനാൽ പൊതുഗതാഗത വാഹനങ്ങൾ ഓരോന്നും  തിരിച്ചറിയാൻ എളുപ്പമാകുകയാണ് വേണ്ടത്. അവക്ക് വ്യക്തിത്വം നൽകണമെന്ന് സാരം. അതിനുള്ള എളുപ്പവഴി ആയിരുന്നു പലരീതിയിൽ, പല  നിറങ്ങളിലുള്ള ബസുകൾ. കളർകോഡ് എന്ന പരിഷ്കരണം കൊണ്ട് അതാണ് ഇല്ലാതായത്.

നേരത്തെ പറഞ്ഞതുപോലെ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ കുമളി - എറണാകുളം റൂട്ടിൽ സർവീസ് നടത്താൻ ഒരുങ്ങുന്ന റോബിൻ ബസ് വലിയ ചർച്ചയായി. നിയമങ്ങളിലെ ഇടവഴികൾ ഉപയോഗിച്ച് കളർകോഡ് എന്ന ജനകീയമല്ലാത്ത രീതിയോട് സമരം ചെയ്തു ആ ബസിന്റെ ഉടമ താൻ മുൻപേ ബസുകൾക്ക് നൽകി വന്നിരുന്ന പച്ച പെയിന്റിംഗ് ആണ് ആ ബസിനും നൽകിയതാണ് വാഹനം ചർച്ചയാകാൻ കാരണം.

 പണ്ട് ഗാന്ധിജി ഉപ്പ് സത്യാഗ്രഹം നടത്തിയതുപോലെ ഒരു ബദൽ പ്രതിഷേധമുറ എന്ന് പറയാം. നാട്ടിലെ ബസ് ഉടമകളൊക്കെ റോബിൻ ഉടമയെ പോലെ ചിന്തിച്ചിരുന്നുവെങ്കിൽ, നേരത്തെ പറഞ്ഞത് പോലെ തങ്ങൾ സഞ്ചരിച്ച ബസ് കൃത്യമായി തിരിച്ചറിയാനുള്ള ബുദ്ധിമുട്ട് ജനങ്ങൾക്ക്‌ ഉണ്ടാകില്ലായിരുന്നു. കൊറോണപോലുള്ള രോഗങ്ങളുടെ പശ്ചാത്തലത്തിലാണ് റോബിൻ ഉടമ ചെയ്ത ഈ സമരരീതി ജനപക്ഷത്തു ചേർന്ന് നിൽക്കുന്നതാകുന്നത്. അദ്ദേഹം എന്ത് വാദങ്ങൾ ഉപയോഗിച്ചാണ് തന്റെ ബസിന്  ഈ നിറം വാങ്ങി എടുത്തത് എന്നറിയില്ല, നാളെ ഇതിന് നിയമത്തിൽ നിന്ന് എതിർപ്പുകളുണ്ടാകുമോ എന്നുംമറിയില്ല. പക്ഷെ അദ്ദേഹം ചെയ്തത് തന്നെയാണ് ശരി. കാരണം തന്റെ ബസ് വഴി ഉണ്ടാകുന്ന  സാമൂഹിക ബുദ്ധിമുട്ടുകളുടെ ഉത്തരവാദിത്തമല്ലേ ഓരോ ഉടമയും എടുക്കേണ്ടത്? മറ്റു ബസുകളുടെമേലുള്ള പഴി ഏറ്റെടുക്കണോ..? വേണ്ട..!

കോവിഡിന്റെയും മറ്റു പകർച്ചവ്യാധികളുടെയും കാര്യം അവിടെ നിൽക്കട്ടെ.,  കുറച്ചു നാളുകൾക്കുമുൻപ് തൃശൂർ ബസ്സ്റ്റാൻഡിൽ ഒരു അപകടം നടന്നു. ബസ് ഇടിച്ചു ഒരു സ്ത്രീ മരിച്ചു...! ഒരു ഓർഡിനറി ബസാണ് ഇടിച്ചതു എന്ന് മാത്രം അറിയാം. ദിവസങ്ങൾ കഴിഞ്ഞാണ് അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞത്.  അതുവരെ 'ഏതോ ഒരു നീലവണ്ടി' യുടെ പിന്നാലെ ആയിരുന്നു ഉദ്യോഗസ്ഥർ. ഇതൊക്കെ ഇനിയും അവർത്തിക്കാവുന്നതെ ഉള്ളു.

കളർകോഡ്  യാത്രക്കാരനോ, പൊതുജനത്തിനോ, സർക്കാരിനോ, ബഹുഭൂരിപക്ഷം വരുന്ന ബസ് ഉടമകൾക്കുപോലും നേരിട്ട് ഒരു ഉപകാരവും ഉള്ള കാര്യമല്ല. കളർകോഡിന് നടപ്പിലാക്കാൻ പ്രവർത്തിച്ചവർ പറഞ്ഞിരുന്നത് പെയിന്റ് അടിക്കാൻ ചിലവുകുറയും എന്നായിരുന്നു. എന്നിട്ട് എന്ത് കുറവാണ് ഉണ്ടായത്? സ്വാർത്ഥചിന്തകൾ ഇല്ലാത്ത ഉടമകൾ തന്നെ ചിന്തിക്കുക. എന്തെങ്കിലും കുറവ് ഉണ്ടായെങ്കിൽ തന്നെ, അതിലേറെ പണം സ്റ്റിക്കർ കടക്കാരന് കൊടുത്തു മോടി കൂട്ടുന്ന രീതി ആണ് ഇന്ന് കാണുന്നത്. പണം ചിലവഴിച്ചു നല്ല ബസുകൾ സർവീസിനിറക്കുവാൻ താല്പര്യമില്ലാത്തവർ, ബസ് സർവീസ് മറ്റുള്ള പല ആവശ്യങ്ങൾക്കും മറയായി കൊണ്ടുനടക്കുന്നവർ, അത്യാവശ്യം ഗുണ്ടായിസവും അപകടവും തുടർക്കഥയാക്കിയവർ, തുടങ്ങിയവർക്കാണ് ഈ കളർകോഡ് രീതികൊണ്ട് ഗുണമുണ്ടായിട്ടുള്ളത്, അത്തരക്കാരാകാം ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്ന സംശയം എല്ലാവർക്കും തോന്നാം.
ഇന്ന് നാട് നീളെ CC ക്യാമറകളുണ്ട്. റോഡിൽ നടക്കുന്ന അപകടദൃശ്യങ്ങൾ അവയിൽ പതിയുന്നുമുണ്ട്. എന്നാൽ അമിത വേഗത്തിൽ വന്നു ഒരു സ്കൂട്ടർ യാത്രക്കാരനെ തട്ടിയിട്ട് നിർത്താതെ പോയ കളർകോഡ് ഉള്ള  സ്വകാര്യ ബസ് തിരിച്ചറിയാൻ ഈ CC ക്യാമറ ഇന്ന് പ്രായോഗികം ആണോ?   എന്നാൽ നിറക്കൂട്ടുകൾ വ്യത്യസ്തമായിരുന്നു എങ്കിൽ CC TV മതി അപകടത്തിൽപെട്ട യഥാർത്ഥ വാഹനങ്ങൾ തിരിച്ചറിയാൻ. ഇതിപ്പോൾ നല്ല രീതിയിൽ സർവീസ് നടത്തുന്ന വാഹനങ്ങളും ഇതുമൂലം പ്രതിക്കൂട്ടിലാക്കുന്നു.

സ്വന്തം വാഹനത്തിന് മുൻപുണ്ടായിരുന്ന രീതിയിൽ നിയമമനുസരിച്ചു നിറം നൽകി വ്യക്‌തിത്വം പകരാനുള്ള അവകാശം ഓരോ ഉടമക്കും ഉണ്ട്. അതുകൊണ്ട് തന്നെയാണ് കളർകോഡിന്റെ വക്താക്കൾ പോലും തങ്ങളുടെ പച്ചയും റോസും നീലയും ബസുകൾ സ്റ്റിക്കർ കടയിൽ വാരിക്കോരി പണം നൽകി മറ്റു വണ്ടികളേക്കാൾ മികച്ചത് ആക്കുന്നത്. അത്‌ പോലെ താൻ യാത്രചെയ്ത വാഹനം, അല്ലെങ്കിൽ തനിക്കു ദോഷം സൃഷ്ടിച്ച വാഹനം തിരിച്ചറിയാൻ ഉള്ള അവകാശം റോഡിൽ സഞ്ചരിക്കുന്ന ഓരോ യാത്രക്കാരനും ഉള്ളതാണ്. മേല്പറഞ്ഞ ജനോപകാരങ്ങൾ ഇല്ലാതാക്കാൻ വേണ്ടി കൊണ്ട് വന്ന നയങ്ങൾ പ്രാകൃതവും ജനദ്രോഹപരവും  ജനാതിപത്യവിരുദ്ധവും അപ്രായോഗികവും ആണെന്നെ പറയാൻ കഴിയൂ.

കളർകോഡിന്റെ മറ്റൊരു പ്രശ്‍നം കൃത്യമായി ബോർഡ്‌ വായിച്ചു ബസ് തിരിച്ചറിയാൻ കഴിയാതെ, പ്രായമായവർക്ക് ഉണ്ടാകാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ. ഒരു സ്ഥിരം യാത്രക്കാരന് എന്നും  യാത്രചെയ്യുന്ന ബസ് എളുപ്പം തിരിച്ചറിയാൻ പറ്റിയേക്കാം. പക്ഷെ ഇടയ്ക്കു പല ബസുകളിലും മാറിക്കേറി യാത്ര ചെയ്യേണ്ട സാഹചര്യം വരുമ്പോൾ കളർ കോഡ് സംവിധാനം സമയനഷ്ടം തന്നെയാണ് ഏതൊരു  യാത്രക്കാരനും   സമ്മാനിക്കുന്നത്. ഉദാഹരണം: ഒരു സ്റ്റാൻഡിൽ നിന്ന് യാത്ര ആരംഭിച്ചബസ് മുൻകൂട്ടി തിരിച്ചറിഞ്ഞു നടപ്പിന്റെയോ ഓട്ടത്തിന്റെയോ വേഗത അല്പം  കൂട്ടി അതിൽ കയറി പറ്റാൻ കളർകോഡ് ഇല്ലെങ്കിൽ വളരെ എളുപ്പം ആണ്. ഇപ്പോൾ അടുത്ത് എത്തിയാൽ മാത്രം അതിൽ കയറി പറ്റാം. അപ്പോൾ പ്രായം ആയവരുടെ കാര്യം പറയേണ്ടത് ഉണ്ടോ?

സ്വകാര്യബസുകൾ കൂടുതൽ അലങ്കാര ചിത്രപണികളിലേക് നീങ്ങുന്നതാണ് പ്രശ്നമെങ്കിൽ, അതിന് തടയിടാൻ ഈ കളർകോഡിന്റെ ആവശ്യം ഒന്നുമില്ല. ഏതൊക്കെ രീതിയിൽ ലൈൻബസുകൾക് പെയിന്റ് അടിക്കാം എന്നതിൽ നിർദേശം നൽകിയാൽ മതി. അതു പാലിച്ചാൽ മാത്രം ഫിറ്റ്നസ് നൽകുക. KSRTC കൾ തമ്മിൽ തിരിച്ചറിയാൻ പ്രയാസം അല്ലെ എന്ന വാദമിവിടെ ഉയരാം,  പക്ഷെ അതിന് പ്രസക്തി ഇല്ല. ഒന്നാമത് അവ എണ്ണത്തിൽ കുറവാണ് മിക്കവാറും ജില്ലകളിലും. രണ്ടാമത് അവ ഉണ്ടാക്കുന്ന അപകടങ്ങൾക്ക് ഉത്തരവാദിത്തം KSRTC കോർപ്പറേഷന് ആണ്. ഓരോ ട്രിപ്പിലും ഡ്യൂട്ടിയിൽ ഉള്ള ജീവനക്കാരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തി വക്കുന്നുമുണ്ട്. എന്നാൽ സ്വകാര്യ ബസുകൾ അങ്ങനെ അല്ല എന്നത് മറക്കരുത്.

എന്തായാലും കളർകോഡ് എന്ന അനാവശ്യ, ജനോപദ്രവനയത്തിനെതിരെ നിലകൊണ്ട റോബിൻ മോട്ടോഴ്സിന്റെ മാതൃക പിന്തുടർന്ന് കൂടുതൽ ഉടമകൾ രംഗത്ത് വരണം എന്നാഗ്രഹിക്കുന്നു. കളർകോഡ് എന്ന തലതിരിഞ്ഞ നിയമത്തിന്റെ ഉള്ളു പൊള്ളകൾ പൊതുജനങ്ങളും മാധ്യമപ്രവർത്തകരും സ്വാർത്ഥത കൈയിൽ ഇല്ലാത്ത ഉടമകളും തിരിച്ചറിയാൻ ഇടയാകട്ടെ. മറ്റു പല രംഗങ്ങളിലും ശരിയായ നയങ്ങൾ തിരഞ്ഞെടുത്ത കേരള  സർക്കാർ തങ്ങളുടെ ഭരണ കാലയളവിൽ തന്നെ കണ്ണിൽ പൊടിയിട്ട് ചിലർ നടപ്പിലാക്കിയ കളർ കോഡ് രീതിയിൽ കൃത്യമായി ഇടപെട്ടു ഉചിതമായ മാറ്റങ്ങൾ കൊണ്ട് വരട്ടെ.